തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തിരുന്ന ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടിയത്.
ശിവശങ്കറിനെതിരേ യാതൊരു തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടില്ല. അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടുമില്ല. പക്ഷേ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിവുകള്‍ പുറത്തുവന്നിരുന്നു. സ്വപ്നയ്ക്ക് ഐടി വകുപ്പില്‍ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണെന്നും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ശിവശങ്കറിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ 2020 ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ശിവശങ്കരനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്തത്.