''നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല.'' ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ച് വ്യാഴാഴ്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിച്ചു കൊടുത്ത വാക്കുകളാണിത്. ജീസസ് ജീവിച്ചിരുന്നുവെന്നും അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ടെന്ന് അധ്യാപിക ഇതേ ക്ലാസില്‍ കുട്ടികളെ പഠിപ്പിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ലെന്നും ബൃന്ദ വിദ്യാര്‍ഥികളോട് പറയുന്നു.
ഹിന്ദു ദൈവങ്ങളെ പരിഹസിക്കുക മാത്രമല്ല, കുട്ടികളുടെ മനസില്‍ നിന്ന് ഈശ്വര സങ്കല്‍പങ്ങള്‍ മായ്ച്ചു കളയാന്‍ കൂടിയാണ് ശ്രമിച്ചതെന്ന ആരോപണവുമായി അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതര മതവിശ്വാസികളുടെ അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോലും നിശബ്ദത പാലിക്കുന്ന ചില അധ്യാപകരാണ് ഹൈന്ദവീയതയെ ഉന്മൂലനം ചെയ്യാന്‍ അധ്യാപക വേഷം കെട്ടിയെത്തുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ പുറത്തിറക്കിയ സുവനീറില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. 'ജന്മഭൂമി' ഇത് വാര്‍ത്തയാക്കിയതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ വളഞ്ഞു. തുടര്‍ന്ന് അച്ചടിച്ച പുസ്തകങ്ങള്‍ മുഴുവന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടികളില്‍ നിന്ന് തിരിച്ചുവാങ്ങി നശിപ്പിച്ചാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. വര്‍ഷങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രദേശിക നേതാക്കളാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പിടിഎ ഭരണം കൈയടക്കിയിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന അധ്യാപകര്‍ക്ക് ഇവരുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്നാണ് പൊതുസംസാരം.
ഓണ്‍ലൈനിലൂടെ ദൈവങ്ങളെ പരിഹസിച്ച ബൃന്ദ ടീച്ചറോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് പറഞ്ഞു. തനിക്ക് പറ്റിയ മനഃപൂര്‍വമല്ലാത്ത അബദ്ധമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്നാണ് ഇതേക്കുറിച്ച് ബൃന്ദ യുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഈ വിശദീകരണം കൈമാറിയിട്ടുണ്ട്. അതേസമയം ബൃന്ദയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.