രാജ്യത്ത് പ്രതിദിന രോഗികളില്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന രോഗികളില്‍ നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 518 പേര്‍ മരിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന രോഗികള്‍ വീണ്ടും 40,000 കടന്നു.

25000ഓളം കേസുകള്‍ സ്ഥിരീകരിച്ചത് കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. പ്രതിദിന രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു. 42,004 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 4,22,660 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

പ്രതിവാര കൊവിഡ് രോഗികള്‍ രാജ്യത്ത് ഗണ്യമായി കുറഞ്ഞു. 2.69 ലക്ഷം പേര്‍ക്കാണ് ഒടുവിലത്തെ ആഴ്ചയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയെക്കാള്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 ഇടത്ത് കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഫ്രാന്‍സാണ് വാക്‌സിന് ഒടുവില്‍ അംഗീകാരം നല്‍കിയ യൂറോപ്യന്‍ രാജ്യം. കൊവിഡിന്റെ ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. ഓസ്ട്രിയ, സ്വീഡന്‍, ഫിന്‍ലന്റ്, ജര്‍മനി, ബെല്‍ജിയം, ബള്‍ഗേറിയ, സ്‌പെയിന്‍ തുടങ്ങി 16 രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി യാത്ര ചെയ്യാം.
Tags