'ബലി പെരുന്നാള്‍ ഇനിയും വരും; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം; ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; യാത്രകള്‍ക്കും വിലക്ക്; പെരുന്നാള്‍ 'ബന്ദ്' oman

മസ്‌കത്ത്: ബലി പെരുന്നാള്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ സര്‍ക്കാര്‍. ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടി. ബലി പെരുന്നാള്‍ ദിവസമായ ജൂലൈ 20 മുതല്‍ 22 വരെയാണ് നേരത്തെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. സുപ്രീം കമ്മിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണം 24 ശനായാഴ്ച പുലര്‍ച്ചെ നാല് വരെ തുടരും. തുടര്‍ച്ചയായ അഞ്ച് ദിവസം വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രകള്‍ക്കും വിലക്കുണ്ട്.

വൈകീട്ട് അഞ്ചു മുതല്‍ രാവിലെ നാലു വരെയുള്ള രാത്രികാല പൂര്‍ണ ലോക്ഡൗണാണ് ഇപ്പോള്‍ ഒമാനില്‍ ഉള്ളത്.  ലോക്ഡൗണിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങള്‍ക്ക് വൈകീട്ട് നാലോടെ താഴിട്ടു. വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനൊപ്പം സഞ്ചാരവിലക്കും പ്രാബല്യത്തിലുണ്ടാകും. ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക.

ഇതില്‍ പെരുന്നാള്‍ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും സമ്പൂര്‍ണ അടച്ചിടലായിരിക്കും ഉണ്ടാവുക. ലോക്ഡൗണ്‍ നിര്‍ദേശങ്ങളും കോവിഡ് മുന്‍കരുതല്‍ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സമ്പൂര്‍ണ ലോക്ഡൗണ്‍ സമയത്ത് ജനങ്ങളുടെ അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ യാത്രാനുമതി നല്‍കുന്നതിനുമായി ജോയന്റ് ഓപറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കും. റോയല്‍ ഒമാന്‍ പൊലീസ്, ഹെല്‍ത്ത്‌കെയര്‍, നഗരസഭ, ടൂറിസം, ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി, കാര്‍ഷിക-മത്സ്യബന്ധനമടക്കം വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഓപറേഷന്‍സ് സെന്ററിലുണ്ടായിരിക്കും.

ആവശ്യക്കാര്‍ക്ക് 1099 എന്ന നമ്പറില്‍ വിളിച്ചാല്‍ ഓപറേഷന്‍സ് സെന്ററുമായി ബന്ധപ്പെടാന്‍ സാധിക്കും. ബലി പെരുന്നാള്‍ പ്രാര്‍ഥനകള്‍ക്കും പരമ്പരാഗത പെരുന്നാള്‍ ചന്തകള്‍ക്കും സുപ്രീം കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സുപ്രീം കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പോലീസും വ്യക്തമാക്കി.  
Tags