തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വാരാന്ത്യ ലോക്ഡൗൺ ഇല്ലെങ്കിലും മദ്യശാലകൾ തുറക്കില്ല. ഔട്ട് ലെറ്റുകൾ തുറക്കേണ്ടെന്നാണ് ബെവ്കോയുടെ തീരുമാനം. സർക്കാർ ഇറക്കിയ ഇളവുകളുടെ പട്ടികയിൽ മദ്യശാലകൾ ഉൾെപ്പെടുത്താത്തതിനെ തുടർന്നാണ് തീരുമാനം
ബക്രീദ് പ്രമാണിച്ചാണ് വാരാന്ത്യ ലോക്ഡൗൺ സർക്കാർ വേണ്ടെന്നുവെച്ചത്. വരുന്ന മൂന്ന് ദിവസങ്ങളിലും മുഴുവൻ കടകളും കൂടുതൽ നേരം തുറന്നു പ്രവർത്തിക്കാനും അനുമതിയുണ്ട്. എന്നാൽ വാരാന്ത്യ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യ ശാലകൾ തുറക്കുമെന്ന് ബെവ്കോ അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകളെക്കുറിച്ച് പരാമർശമില്ല. ഇതോടെയാണ് തുറക്കേണ്ടെന്ന് ബെവ്കോ തീരുമാനിച്ചത്.
ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളത്. ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ മേഖലകളിലും കൂടുതൽ ഇളവുകളുണ്ട്