സംസ്ഥാനത്ത് മഴ കനക്കുന്നു: എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടം Rain

എറണാകുളം: സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റാണ് പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം വരുത്തിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് 16 വരെ ശക്തമായ മഴ തുടരാനാണ് സാദ്ധ്യത.

എറണാകുളം ജില്ലയിലെ തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശത്തെ വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ പലതും കടപുഴകി വീണു. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

ഇടുക്കിയിൽ പടിഞ്ഞാറേ കോടിക്കുളത്ത് കാറ്റിലും മഴയിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകൾക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. കൂടാതെ മരം റോഡിലേക്ക് വീണ് ഗതാഗതവും തടസപ്പെട്ടിരുന്നു. ആളപായമില്ലെന്നും മരങ്ങൾ മുറിച്ച് മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കോട്ടയത്ത് രാമപുരം മേതിരിയിലും ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായി. ആറ് വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചരയോടു കൂടിയാണ് ഇവിടെ കാറ്റ് വീശിയത്. മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയുടെ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ ഏഴുമണിയോടെയാണ് പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നത്
Tags