ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തും. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് നിർണ്ണായക കൂടിക്കാഴ്‌ച്ച നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാകും ഇത്. 2019 മെയ് 30 ന് അധികാരമേറ്റ മോദി സർക്കാർ ഇതുവരെയും മന്ത്രിസഭാ വികസനം നടത്തിയിരുന്നില്ല. ഇതിനിടെ കേന്ദ്രമന്ത്രിയും, ജനശക്തി പാർട്ടി നേതാവുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചു. കൂടാതെ ശിരോമണി അകാലിദളും, ശിവസേനയും എൻഡിഎ വിട്ടതോടെ രണ്ട് മന്ത്രിമാരുടെ ഒഴിവും ഉണ്ടായി.നിലവിൽ മുൻ അസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും, ജ്യോതിരാദിത്യാ സിന്ധ്യയ്‌ക്കും കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാൻ സാധ്യതകളേറെയാണ്.