മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുൻ ഐഎൻഎൽ നേതാക്കൾ രംഗത്ത്. അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിന്റെ ചാരനാണെന്ന് നേതാക്കൾ ആരോപിച്ചു. കെ. പി ഇസ്മയിലും ജലീൽ പുനലൂരുമാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഐഎൻഎല്ലിന് ലഭിച്ച മന്ത്രിസ്ഥാനം അഹമ്മദ് ദേവർകോവിൽ ദുരുപയോഗം ചെയ്തുവെന്നും നേതാക്കൾ ആരോപിച്ചു. വിഷയം എൽഡിഎഫ് നേതൃത്വം ഗൗരവമായി കാണണം. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നിയമനം കച്ചവടവത്കരിച്ചുവെന്നും നേതാക്കൾ പറഞ്ഞു. കാസിം ഇരിക്കൂർ സൂപ്പർമന്ത്രി ചമയുകയാണ്. കാസിം ഇരിക്കൂറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് രേഖയോ കണക്കോ ഇല്ലെന്നും നേതാക്കൾ ആരോപിച്ചു.
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ഐഎൻഎൽ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ. സി മുഹമ്മദും രംഗത്തെത്തിയിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ അടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് കോഴ നിയമനത്തിനായി നിയോഗിച്ചതെന്നും സെക്രട്ടേറിയറ്റിന് അകത്ത് കോഴ നിർദേശം മുന്നോട്ടുവച്ചപ്പോൾ ആരും എതിർത്തില്ലെന്നുമായിരുന്നു ഇ. സി മുഹമ്മദിന്റെ ആരോപണം.