ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണം; ഡിഎംകെയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍
July 29, 2021
മെഡിക്കല്‍, ദന്തല്‍ എന്‍ട്രന്‍സിന് സംവരണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. ഒബിസി വിഭാഗത്തിന് 27 ശതമാനം വിദ്യാഭ്യാസ സംവരണമേര്‍പ്പെടുത്തിയത് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ഡിഎംകെയുടെ വിജയമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (MK Stalin)പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പിലേക്കുള്ള ജോലിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി പിന്നാക്ക വിഭാഗത്തിന് 50 ശതമാനം സംവരണം വേണമെന്നും അദ്ദേഹം പ്രതികരിച്ചു.
‘കാലങ്ങളായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. ഡിഗ്രി വിഭാഗത്തില്‍ 1500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും പിജിയില്‍ 2500ഓളം വിദ്യാര്‍ത്ഥികള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ സംവരണം. ഇത് ചരിത്രപരമായ വിജയം തന്നെ’. എം കെ സ്റ്റാലിന്‍ പറഞ്ഞു.
അഖിലേന്ത്യാ മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് ഒബിസി വിഭാഗത്തിന് 27ശതമാന സംവരണം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് ലഭിക്കുക. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്കാണ് സംവരണം നല്‍കുന്നത്.
Tags