ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇടംപിടിച്ച് മൂന്ന് മലയാളികൾ

കൊളംബോ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇടംപിടിച്ച് മൂന്ന് മലയാളികൾ. സഞ്ജു വി സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർക്ക് പുറമെ പേസർ സന്ദീപ് വാര്യരാണ് ഇന്ന് ഇന്ത്യയ്‌ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ കളിച്ച നവദീപ് സെയ്നിക്ക് പരിക്കേറ്റതിനാലാണ് സന്ദീപ് വാര്യരെ അന്തിമ ഇലവണിൽ ഉൾപ്പെടുത്തിയത്. രണ്ടാം ട്വന്റി-20യ്‌ക്ക് മുൻപ് ക്രുണാല്‍ പാണ്ഡ്യക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യന്‍ ടീം അഴിച്ചുപണി നടത്തിയത്. 8 താരങ്ങൾ ഐസൊലോഷനിലായതോടെ പിന്നീട് അവശേഷിക്കുന്ന താരങ്ങളെ വച്ച് ദ്രാവിഡിന് ടീം ഇറക്കേണ്ട അവസ്ഥയിലെത്തുകയായിരുന്നു. കർണാടകത്തിന് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കൽ സഞ്ജുവിന് ടീമിൽ ഇടം പിടിച്ചിരുന്നുവെങ്കിലും സന്ദീപ് ടീമിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ പന്തെറിയാനെത്തിയ സന്ദീപ് വാര്യരെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. സെയ്നിക്ക് പകരം സ്പിന്നര്‍ സായ് കിഷോറിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ് സന്ദീപ് വാര്യര്‍.
Tags