തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതൽ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
കൊറോണ മരണനിരക്ക് സംസ്ഥാനം മറച്ചുവെയ്ക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് തീരുമാനം. യഥാർത്ഥ മരണസംഖ്യയുടെ മൂന്നിലൊന്ന് മാത്രമേ സർക്കാർ പുറത്തുവിടുന്നുളളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ ഡോക്ടർമാരുടെ കൂട്ടായ്മയും ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിൽ നാളെ മുതൽ പേരും വയസും സ്ഥലവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദേശം നൽകിയത്. സർക്കാർ കൊറോണ മരണനിരക്ക് മനഃപൂർവം മറച്ചുവെയ്ക്കുന്നില്ലെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.
ചികിത്സിക്കുന്ന ഡോക്ടർമാർ തന്നെയാണ് കൊറോണ മരണം നിശ്ചയിക്കുന്നത്. എല്ലാ നടപടികളും സ്വീകരിക്കുന്നത് ഐസിഎംആർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ്. കുടുംബങ്ങൾക്ക് സ്വകാര്യത പ്രശ്നമില്ലെങ്കിൽ മരണപ്പെട്ടവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.