യോഗിയുടെ ഭരണത്തിൽ നേട്ടം കൊയ്ത് യുപിയിലെ ക്ഷീരോത്പാദന മേഖല; പാലുത്പാദനത്തിൽ വൻ കുതിപ്പ്

ലക്‌നൗ : യോഗി സർക്കാർ ഭരണത്തിൽ നേട്ടം കൊയ്ത് ഉത്തർപ്രദേശിലെ ക്ഷീരോത്പാദനമേഖല. കഴിഞ്ഞ നാല് വർഷത്തിനിടെ പാലുത്പാദനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ ക്ഷീര കർഷകരുടെ ജീവിത നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്.

പാലുത്പാദനം വർദ്ധിച്ചത് ഡയറി യൂണിറ്റുകളുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇനിയും ഏഴ് ഡയറി യൂണിറ്റുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. അമൂൽ ഉൾപ്പെടെ രാജ്യത്തെ ഏഴ് വൻകിട കമ്പനികൾ ഇതിനായി 172 കോടി രൂപ നിക്ഷേപം നടത്തും. നിലവിൽ രാജ്യത്തെ പാലുത്പാദനത്തിന്റെ 17 ശതമാനവും ഉത്തർപ്രദേശിലാണ്.

2016-17 വർഷം 277.69 ലക്ഷം ടൺ പാലാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ 2020-21 വർഷം ഇത് 318.63 ലക്ഷം ടണ്ണായി ഉയർന്നു. പാലുത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി തീറ്റപ്പുൽ ഡയറികളും നിർമ്മിച്ചിട്ടുണ്ട്.

നിരവധി പുരസ്‌കാരങ്ങൾ നൽകിയാണ് ക്ഷീര കർഷകരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. കർഷകർക്ക് ധനസഹായമുൾപ്പെടെ സർക്കാർ നൽകുന്നുണ്ട്.
Tags