#INDvsEng #ENGvIND #RishabhPant റിഷഭ് പന്തിന് പിന്നാലെ ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിനും കൊവിഡ്‌...

ലണ്ടൻ: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പിന്നാലെ ഇം​ഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് അം​ഗത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്പെഷലിസ്റ്റ് ദയാനന്ത് ​ഗരാനിയാണ് പന്തിന് പിന്നാലെ കൊവിഡ് പൊസറ്റീവായത്. ​

ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൗളിം​ഗ് പരിശീലകൻ ഭരത് അരുൺ എന്നിവരെ ടീം ഹോട്ടലിൽ അവരവരുടെ മുറികളിൽ ഐസോലേഷനിലാക്കി. 10 ദിവസം ഐസൊലേഷനിൽ കഴിഞ്ഞശേഷം വീണ്ടും പരിശോധനകൾക്ക് വിധേയരായശേഷമെ ഇവർക്ക് ടീമിനൊപ്പം ചേരാനാകു.

ഇതോടെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിലും ഇവർക്ക് പങ്കെടുക്കാനാവില്ല. ഇന്ത്യൻ ടീമിലെ ശേഷിക്കുന്നവർ 20 ദിവസത്തെ വിശ്രമത്തിനുശേഷം ഡർഹാമിലേക്ക് പോയി. ജൂലെ എട്ടിനാണ് റിഷഭ് പന്തിന് കൊവിഡ് സ്ഥീരീകരിച്ചതെന്നാണ് റിപ്പോർട്ട്.

ഇതിനുശേഷം എട്ടു ദിവസമായി പന്ത് ഐസൊലേഷനിലാണ്. കഴിഞ്ഞ മാസം 30ന് യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇം​ഗ്ലണ്ട്-ജർമനി മത്സരം കാണാനായി റിഷഭ് പന്ത് പോയിരുന്നു. ഇവിടെ നിന്നാവാം കൊവിഡ് പിടിപെട്ടത് എന്നാണ് അനുമാനം. അടുത്തമാസം നാലിനാണ് ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.
Tags