കൊറോണ: മൂന്നാം തരംഗത്തിൽ നിന്ന് ഒഴിവാകാനാകില്ല; ഇളവുകൾ അതിരുകടക്കരുതെന്ന് ഐഎംഎ; ആൾക്കൂട്ടങ്ങളിൽ ആശങ്ക IMI

ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗത്തിൽ നിന്ന് ഇന്ത്യയ്ക്ക് ഒഴിവാകാനാകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രണ്ടാം തരംഗം നിയന്ത്രണവിധേയമായതോടെ പല സംസ്ഥാനങ്ങളും ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങി. എന്നാൽ വലിയ ആൾക്കൂട്ടമാണ് പലയിടത്തും കാണുന്നതെന്നും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു

വരുന്ന മൂന്ന് മാസങ്ങളിലേക്ക് കൂടി കൊറോണ പ്രതിരോധ പെരുമാറ്റങ്ങളും നിയന്ത്രണങ്ങളും നിലനിർത്തണമെന്ന് ഐഎംഎ കേന്ദ്രസർക്കാരിനോടും സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചു. ഐഎംഎ പ്രസിഡന്റ് ഡോ. ജെ.എ ജയലാൽ, സെക്രട്ടറി ജനറൽ ഡോ. ജയേഷ് എന്നിവർ കത്തിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ രാജ്യം രണ്ടാം തരംഗത്തിൽ നിന്ന് മുക്തമായി വരുന്നതേയുളളൂ. വാക്‌സിനേഷൻ ഊർജ്ജിതമാക്കിയും കൊറോണ പ്രതിരോധ പെരുമാറ്റത്തിലൂടെയും മാത്രമേ മൂന്നാം തരംഗത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിയൂ. ലോകരാജ്യങ്ങളിലെ സാഹചര്യവും കൊറോണ വ്യാപനത്തിന്റെ ചരിത്രവും മനസിലാക്കുമ്പോൾ മൂന്നാം തരംഗത്തിൽ നിന്ന് ഇന്ത്യയ്ക്ക് പൂർണമായി ഒഴിവാകാനാകില്ലെന്ന് വേണം മനസിലാക്കാനെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.

കൊറോണ പ്രതിരോധ പെരുമാറ്റം നിർബന്ധമായും പാലിക്കേണ്ട ഈ സാഹചര്യത്തിൽ പോലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആൾക്കൂട്ടങ്ങൾ കണ്ടുവരുന്നത് വേദനാജനകമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമില്ലാതെ ആളുകളെ കയറ്റുന്നതും വാക്‌സിനെടുക്കാത്തവർ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്നതും അപകടകരമാണ്. മൂന്നാം തരംഗത്തിന്റെ സൂപ്പർ സ്‌പ്രെഡേഴ്‌സ് ആയി പോലും ഒരു പക്ഷെ ഇവർ മാറിയേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
Tags