ഇടുക്കി : തൂക്കുപാലത്ത് വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ. Idukki

ഇടുക്കി : തൂക്കുപാലത്ത് വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ. നെടുങ്കണ്ടം പഞ്ചായത്തംഗവും എഐവൈഎഫ് ജില്ലാ വൈസ്പ്രസിഡന്റുമായ അജീഷും കൂട്ടാളി വിജയനുമാണ് അറസ്റ്റിലായത്. സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് അജീഷ്. സംഭവം വിവാദമായതോടെ അജീഷിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു.

തൂക്കുപാലം പ്രകാശ് ഗ്രാം സ്വദേശി ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് സിപിഐ നേതാവും കൂട്ടാളികളും ചേർന്ന് അക്രമം നടത്തിയത്. പലചരക്ക് കട നടത്തുന്ന ശശിധരൻ പിള്ളയെ ലക്ഷ്യമിട്ടെത്തിയ സംഘം ആ സമയത്ത് കടയിലുണ്ടായിരുന്ന തങ്കമണിയെ ആക്രമിക്കുകയായിരുന്നു. തങ്കമണിയെ ക്രൂരമായി മർദ്ദിച്ച സംഘം ഡീസലൊഴിച്ച് തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. ഓടി മാറിയത് കൊണ്ടു മാത്രമാണ് തങ്കമണി രക്ഷപ്പെട്ടത്. തുടർന്ന് അക്രമികൾ കട അടിച്ചുതകർക്കുകയും സാധനങ്ങൾ വലിച്ചിട്ട് കത്തിക്കുകയും ചെയ്തു.

ശശിധരൻ പിളളയോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ദിവസങ്ങൾക്ക് മുൻപ് അജീഷിന്റെ സുഹൃത്ത് ബിജു കടയിലിരുന്ന് മറ്റാരാളോട് വഴക്കിട്ടിരുന്നു. എന്നാൽ തൻറെ കടയിൽ വച്ച് അടികൂടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ശശിധരൻ പിള്ളയുടെ നേർക്കായി ഇയാളുടെ ആക്രമണം. മർദ്ദനമേറ്റ ശശിധരൻ പിള്ള പോലീസിൽ പരാതി നൽകി. ഇതിൻറെ വൈരാഗ്യത്തിലാണ് ബിജുവും അജീഷും കടയിലെത്തി ആക്രമിച്ചത്.

മർദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമം,വീടുകയറി അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് സിപിഐ കമ്മിറ്റിയംഗമായ അജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവശേഷം ഒളിവിൽ പോയ മറ്റൊരു പ്രതിയായ ബിജുവിനായി അന്വേഷണം തുടരുകയാണെന്നും നെടുങ്കണ്ടം പോലീസ് പറഞ്ഞു.
Tags