ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ high court

കൊച്ചി : ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ് നടന്ന ബാർ കൗൺസിൽ യോഗത്തിലാണ് തീരുമാനം

അഭിഭാഷക പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സ്വമേധയായാണ് നടപടി സ്വീകരിക്കുന്നതെന്ന് ബാർ കൗൺസിൽ അറിയിച്ചു.

അടുത്തിടെ എറണാകുളം സെൻട്രൽ എസ്‌ഐ ആനി ശിവയെ ഫേസ്ബുക്കിലൂടെ സംഗീത ലക്ഷ്മണ അധിക്ഷേപിച്ചിരുന്നു. ഇതിൽ ആനി ശിവ നൽകിയ പരാതിയിൽ സംഗീതയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാർകൗൺസിൽ നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കേസ് എടുത്ത ശേഷവും ആനി ശിവയ്‌ക്കെതിരെ സംഗീത ലക്ഷ്മണ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു.

ദുരിതങ്ങളോട് പോരാടി എസ്ഐ ആയി മാറിയ ആനിയുടെ ജീവിതം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനിടെയാണ് സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ ആനി ശിവയെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടത്.അതിരൂക്ഷമായ അധിക്ഷേപമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 580, കെ.പി നിയമത്തിലെ 120 എന്നീ വകുപ്പുകളും, ഐടി നിയമവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഗീതയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.


Tags