നാളെ ഗുരുപൂർണിമ; ഗുരുപൂജക്ക് തയ്യാറെടുത്ത് ശിഷ്യ പരമ്പര
July 21, 2021
ഗുരു പൂർണിമ ആഘോഷങ്ങൾക്ക് രാജ്യം തയ്യാറാകുന്നു. ജൂലൈ 23 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഗുരുപൂർണിമ. ആഷാഢ മാസത്തിലെ പൗർണമി ദിവസമാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. ആചാര്യ പൂജക്ക് പ്രാധാന്യം കല്പിക്കുന്ന ദിനമാണിത്. ഈ ദിവസം ശിഷ്യന്മാർ ഗുരുക്കന്മാരെ പൂജിക്കുന്നു.
വ്യാസ പൂർണിമയെന്നും ഗുരുപൂർണിമ അറിയപ്പെടുന്നു. ഇതിഹാസ രചയിതാവായ വേദവ്യാസന്റെ തിരുനാളാണ് ഗുരുപൂർണിമ. സാരാനാഥിൽ ശ്രീബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയതിന്റെ സ്മരണയിൽ ബൗദ്ധരും ഗുരുപൂർണിമ ആഘോഷിക്കുന്നു.
അജ്ഞാന തിമിരത്തിൽ ആണ്ടു കിടന്ന ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന പുണ്യഭൂമികയാണ് ഭാരതം. ഈ പുണ്യഭൂമിയുടെ ഏറ്റവും വലിയ സവിശേഷതയായി ആചാര്യന്മാർ
പരിഗണിക്കുന്നത് ഇവിടത്തെ സവിശേഷമായ ഗുരുശിഷ്യ പരമ്പരയാണ്. ഭാരതത്തിന്റെ അമൂല്യമായ സാംസ്കാരിക പൈതൃകമാണിത്.
ഗുരു മുമുക്ഷുവിന് ആധ്യാത്മിക മാർഗനിർദേശം നൽകി ശിഷ്യൻ എന്ന നില വരെയും പിന്നീട് മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമായി കണക്കാക്കപ്പെടുന്നു.
ഈശ്വരപ്രാപ്തിക്കുള്ള മാർഗം കാണിച്ചു കൊടുക്കുവാൻ ഗുരുവിന് മാത്രമേ സാധിക്കൂ. ഗുരുവിന് മാത്രമേ നമുക്ക് ‘ഞാൻ’ അതായത് ‘ആത്മാവിന്റെ മേൽവിലാസം പറഞ്ഞു തരാൻ കഴിയൂ. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ അനിഷേധ്യമായ സ്ഥാനമാണ് ഗുരുവിനുള്ളത്. ശരിയായ ഗുരുവിനെ ലഭിക്കാത്തവൻ ദുസ്വഭാവിയും അഹങ്കാരിയുമായി അധ:പതിക്കുന്നു.
മനുഷ്യന് ഈശ്വരനുമായി ബന്ധം സ്ഥാപിക്കാനുള്ള വിശിഷ്ടമായ മാർഗമാണ് ഗുരു. ഈശ്വരനും ജീവാത്മാവിനും ഇടയിലുള്ള മായാ പ്രതിബന്ധങ്ങളായ ഭൗതിക ബന്ധനങ്ങളെ അതിജീവിക്കാൻ കൃത്യമായ മാർഗനിർദേശം നൽകാൻ ഗുരുവിന് സാധിക്കുന്നു.
തനിക്ക് അറിയാവുന്നതൊക്കെയും ശിഷ്യപരമ്പരയ്ക്ക് പൂർണ്ണ മനസോടെയാണ് ഗുരു ദാനം ചെയ്യുന്നത്. ശിഷ്യനെ ഗുരുവാക്കി മാറ്റുന്ന അതുല്യമായ കർത്തവ്യവും ഗുരു നിർവഹിക്കുന്നു. തന്‍റെ ശിഷ്യൻ തന്നേക്കാൾ വലിയ ജ്ഞാനിയാകണമെന്നും വാദത്തിൽ തന്നെ തോൽപ്പിക്കണമെന്നും ഗുരു ഇച്ഛിക്കുന്നു.
ശിഷ്യന്‍റെ അജ്ഞാനത്തെ അകറ്റി അവന്‍റെ ആധ്യാത്മിക ഉയർച്ചയ്ക്കു വേണ്ട സാധന ഗുരു പറഞ്ഞു കൊടുക്കുന്നു. അയാളെ കൊണ്ട് സാധന ചെയ്യിച്ചെടുക്കുകയും അയാൾക്ക് അനുഭൂതികൾ നൽകുകയും ചെയ്യുന്നു. ഗുരുവിന്‍റെ ശദ്ധ്ര ശിഷ്യന്‍റെ ലൗകിക സുഖങ്ങളിലല്ല, മറിച്ച് അവന്റെ ആധ്യാത്മിക ഉന്നമനത്തിലായിരിക്കും.
Tags