പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയ്‌ക്ക് നേരെ കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം: ഡംബൽ ഉപയോഗിച്ച് തലയ്‌ക്കടിച്ചു
July 22, 2021
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ജയിലിൽ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി കെ.എം സുരേഷിനു നേരെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അക്രമം ഉണ്ടായത്. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസാണ് ആക്രമിച്ചത്.
പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന സുരേഷിനെ രണ്ട് ദിവസം മുൻപാണ് കണ്ണൂർ ജയിലിലേക്ക് മാറ്റിയത്. സുരേഷ് വ്യായാമം ചെയ്യുന്നതിനിടെ ഡംബൽ ഉപയോഗിച്ച് അസീസ് തലയ്‌ക്ക് അടിക്കുകയായിരുന്നു.
സുരേഷിന്റെ തലയിൽ 16 ഓളം തുന്നലുകളുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. 2019 ഫെബ്രുവരി 17ന് രാത്രിയാണ് ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Tags