അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന് സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ജി സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനമുണ്ടായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സംസ്ഥാനതല അവലോകനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പാലായില്‍ പാര്‍ട്ടി വോട്ട് ചോര്‍ന്ന സ്ഥിതിയുണ്ടായ കേരള കോണ്‍ഗ്രസിന്റെ പരാതിയില്‍ അന്വേഷണമുണ്ടാകും. പാലക്കാട്, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ തോല്‍വിയില്‍ പ്രത്യേക പരിശോധന നടത്താനാണ് പാര്‍ട്ടി തീരുമാനം.
മറ്റന്നാള്‍ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് വയ്ക്കും. ജി സുധാകരന്റെ പേരെടുത്ത് പറയാതെ നടത്തിയ വിമര്‍ശനത്തില്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടന്നെന്ന പരാമര്‍ശമുണ്ട്. ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന പരാതി എച്ച് സലാം ഉന്നയിച്ചിരുന്നു. എം പി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ട കല്‍പ്പറ്റയിലെ തോല്‍വിയും പരിശോധിക്കും. അരുവിക്കര, കുണ്ടറ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ തോല്‍വി പരിശോധിക്കാനും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമായി.