ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടന. 11 വനിതകളാണ് മോദി സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. ഇന്ന് ചുമതലയേറ്റ കേന്ദ്ര മന്ത്രിമാരില്‍ നാലുപേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനിയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ട്. ധകാര്യമന്ത്രി നിര്‍മ്മല സീതാരാമനും സ്മൃതി ഇറാനിയും രേണുക സിങ്ങും ഉള്‍പ്പെടെയാണ് 11 വനിത മന്ത്രിമാര്‍ സഭയിലുള്ളത്.
പുതിയതായി സ്ഥാനമേറ്റ വനിത മന്ത്രിമാരില്‍
ശോഭ കരന്ദലജെ (54)
കര്‍ണാടകയിലെ ഉടുപ്പി ചിക്കമംഗളൂരുവില്‍ നിന്നുള്ള ലോക്സഭാ എം.പി. രണ്ട് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു.ഭക്ഷ്യ-സിവില്‍ സപ്ലൈസ്, പവര്‍, റൂറല്‍ ഡെവലപ്മെന്റ്, പഞ്ചായത്ത് രാജ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. മംഗളൂരു സര്‍വകലാശാലയില്‍ നിന്ന് എം.എ. സോഷ്യോളജിയില്‍ ബിരുദം.
മീനാക്ഷി ലേഖി (54)
ന്യൂദല്‍ഹിയില്‍ നിന്നുള്ള ലോക്സഭാ എം.പി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകയും സുപ്രീം കോടതി വക്കീലുമാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിയില്‍ ബിരുദം നേടിയിട്ടുണ്ട്.
അന്നപൂര്‍ണ്ണ ദേവി (51)
ജാര്‍ഖണ്ഡിലെ കോദാര്‍മയില്‍ നിന്നുള്ള ലോക്സഭാ എം.പി. നേരത്തെ ജാര്‍ഖണ്ഡ് - ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് തവണ എം.എല്‍.എ ആയി തെരഞ്ഞെടുത്തിരുന്നു. ജാര്‍ഖണ്ഡ് മന്ത്രി സഭയില്‍ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 30-ാം വയസ്സില്‍ ബിഹാര്‍ മന്ത്രി സഭയില്‍ മൈന്‍സ് - ജിയോളജി വകുപ്പ് മന്ത്രിയായിരുന്നു. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് എം.എ ഹിസ്റ്ററിയില്‍ ബിരുദം.