ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിയോടൊപ്പമായിരുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ടിപി കേസ് പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയത്.
രാവിലെ എട്ടരയോടെ അര്‍ജുന്‍ ആയങ്കിയെ അന്വേഷണ സംഘം കണ്ണൂരിലെത്തിച്ചിരുന്നു. സ്വര്‍ണക്കടത്തിന് ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച സ്ഥലം, ഫോണ്‍ നഷ്ടപ്പെട്ടു എന്ന പറഞ്ഞ സ്ഥലം എന്നിവിടങ്ങളില്‍ അടക്കം എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഷാഫിയുടെ ചൊക്ലിയിലുള്ള വീട്ടില്‍ എത്തിയത്. ഏതാണ്ട് ഒന്നരമണിക്കൂര്‍ നീണ്ട പരിശോധനയില്‍ ലാപ്‌ടോപ്, പെന്‍ഡ്രൈവ്, മൊബൈല്‍ഫോണ്‍ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന സമയത്ത് ഷാഫി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുകയുമുണ്ടായില്ല. ഇതിന് ശേഷം കൊടി സുനിയുടെ വീട്ടില്‍ കസ്റ്റംസ് എത്തിയെങ്കിലും വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അന്വേഷണ സംഘം മടങ്ങി.