ശബരിമല വെര്‍ച്വല്‍ ക്യു ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വെര്‍ച്വല്‍ ക്യു ബുക്കിംഗ് പൊലീസില്‍ നിന്ന് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും. ഇതു സംബന്ധിച്ച്‌ സര്‍ക്കാരിന്റെ അനുമതി ഉടനെയുണ്ടാകും. നിലവിലെ സംവിധാനത്തില്‍ പിഴവുകളുണ്ടെന്ന് തീര്‍ത്ഥാടകരും ബോര്‍ഡും പരാതിപ്പെട്ടിരുന്നു. വെര്‍ച്വല്‍ ക്യു പാസ് ലഭിക്കുന്നവര്‍ ഏറെയും അന്യ സംസ്ഥാന ഭക്തരാണ്. ടൂര്‍ ഒാപ്പറേറ്റര്‍മാര്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. കൊവിഡിന് ശേഷം ഇവര്‍ പണം വാങ്ങി ബുക്കിംഗ് നടത്തിക്കൊടുക്കുന്നതായും ആക്ഷേപമുണ്ട്.

ഇതോടെ മലയാളികളായ ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയുന്നില്ലെന്ന പരാതി കൂടി പരിഗണിച്ചാണ് മാറ്റം.

വെര്‍ച്വല്‍ ക്യൂവിന് പുതിയ സോഫ്ട് വെയര്‍ തയ്യാറാക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ബോര്‍ഡ് ചുമതലപ്പെടുത്തി. നിലവിലെ വെര്‍ച്വല്‍ ക്യു നിര്‍മ്മിച്ചതും ടാറ്റയാണ്. ബോര്‍ഡിന്റെ വെബ്‌സെറ്റ് വഴിയും ആപ്പ് വഴിയും തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് ബുക്ക് ചെയ്യാവുന്ന വിധത്തിലായിരിക്കും സംവിധാനം. അംഗീകാരം നല്‍കിയാല്‍ അടുത്ത തീര്‍ത്ഥാടന കാലത്തിന് മുമ്ബ് ട്രയല്‍ റണ്‍ നടത്തും.


ഒരു ദിവസം എത്രപേര്‍ക്ക് ദര്‍ശനം അനുവദിക്കണം, ഭക്തരുടെ ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും.


''


വെര്‍ച്വല്‍ ക്യു സംവിധാനം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നടത്തണമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടനെ നടപ്പാക്കാനാകും.

എന്‍. വാസു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

Tags