കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക, ജനങ്ങൾ അലംഭാവം കാട്ടരുതെന്നും പ്രധാനമന്ത്രി covid19

ദില്ലി: പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിൽ രാജ്യത്തെ കൊവിഡ‍് വ്യാപനത്തിലെ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിൽ തന്നെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനതോത് കുറയാത്തതിലെ ആശങ്കയാണ് മോദി പ്രധാനമായും പങ്കുവച്ചത്. ജനങ്ങളുടെ ശ്രദ്ധക്കുറവാണ് കൊവിഡ് വ്യാപനം കുറയാത്തതിന്‍റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാണിക്കുന്നത്. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കുട്ടങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവതരമാണെന്നും ഭയപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

രാജ്യം മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്ന് മോദി കൂട്ടിച്ചേർത്തു. ചെറിയ വീഴ്ചകൾ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുർബലമാക്കുകയും ചെയ്യും. ലോക്ക്ഡൗണിൽ ഇളവുകൾ വന്നത് ദുരുപയോഗം ചെയ്യപ്പെടരുതെന്നും ജാഗ്രതയോടെ ജനങ്ങള്‍ കൊവിഡിനെ നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Tags