കണ്ണൂരിൽ വാക്സിനെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
July 25, 2021
കണ്ണൂർ: കണ്ണൂരിൽ വാക്സിനെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന
കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്ത്രീയ
നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ
പറയുന്നു. സൗജന്യമായി കിട്ടേണ്ട വാക്സിൻ വേണമെങ്കിൽ പരിശോധന്ക്കായി പണം
ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നത്. വാക്സീൻ
കിട്ടാൻ എഴുപത്തി രണ്ട് മണിക്കൂറിനുള്ളിലെ ആർ ടി പി സി ആർ കൊവിഡ് നെഗറ്റീവ്
സർട്ടിഫിക്കറ്റ് വേണമെന്നാണ് കളക്ടറുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കുന്ന
പട്ടികയുടെ അടിസ്ഥാനത്തിലാകും വാക്സീൻ നൽകുകയെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് പലർക്കും വാക്സീനെടുക്കാൻ സ്ലോട്ട് കിട്ടുന്നത്. ഇതിനിടയിൽ ആർ ടി പി സി ആർ പരിശോധനയ്ക്ക് പോയാൽ ഇരുപത്തിനാല് മണിക്കൂർ എങ്കിലുമെടുക്കും ഫലം കിട്ടാൻ. ഇതോടെ സ്ലോട്ട് നഷ്ടമാവുകയും ചെയ്യും.
തൊഴിലിടങ്ങളിലും രണ്ട് ഡോസ് വാക്സീൻ അല്ലെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബസ് , ഓട്ടോ, ടാക്സി തൊഴിലാളികൾക്കും ഇത് ബാധകമാണ്. രണ്ട് ഡോസ് വാക്സീൻ എടുക്കാത്തവർ പതിനഞ്ച് ദിവസം കൂടുമ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇതിനെതിരെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
Tags