ആശങ്ക ഉയർത്തി രാജ്യത്ത് വീണ്ടും കാപ്പ വകഭേദം; അഞ്ച്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു

അഹ്മദാബാദ്: രാജ്യത്ത് വീണ്ടും കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ അഞ്ചുപേർക്കാണ് രോഗം ബാധിച്ചത്. ജാംനഗറില്‍ മൂന്ന് പേര്‍ക്കും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലുമാണ് മറ്റ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ് ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചതിൽ നിന്നാണ് ഇവർക്ക് കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് കാപ്പ. B.1.617 എന്ന വിഭാഗത്തിൽപ്പെടുന്ന വകഭേദങ്ങളുമായി ബന്ധമുള്ള വകഭേദമാണ് കാപ്പ. അതേസമയം കാപ്പ വകഭേദത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐ.സി.എം.ആര്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാപ്പ വകഭേദത്തിന് L453R എന്ന ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ഈ ജനിതകമാറ്റം മൂലം കാപ്പയെ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രതിരോധിക്കാൻ കഴിയില്ലെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ കാപ്പ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐ സി എം ആർ അറിയിച്ചിട്ടുണ്ട്. കോവിഷീൽഡ്‌ വാക്സിനും കാപ്പ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ജൂണിൽ ഓക്സ്ഫോർഡ് സർവകലാശാലയും അറിയിച്ചിരുന്നു.
Tags