ന്യൂഡൽഹി : രാജ്യത്ത് ഇടിമിന്നലേറ്റ് 75 പേർ മരിച്ചു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകാനാണ് തീരുമാനം
മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന അപകട മരണത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന സർക്കാരുകൾ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇടിമിന്നലിൽ പരിക്കേറ്റവർക്ക് 50000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും കൂടുതൽ പേർ മരിച്ചത് ഉത്തർപ്രദേശിലാണ്. 41 പേരാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. അപകടത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ സഹായം ചെയ്ത് നൽകാൻ അദ്ദേഹം ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജസ്ഥാനിലെ വിവിധ ജില്ലകളിലായി കുട്ടികൾ ഉൾപ്പെടെ 18 പേരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്. ആറ് കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയ്പൂരിലെ അമേർ കോട്ടയിൽ അവധി ആഘോഷിക്കാനെത്തിയ 11 പേരാണ് മരിച്ചത്. വാച്ച് ടവറിന് മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
മദ്ധ്യപ്രദേശിലും ഇടിമിന്നലേറ്റ് നിരവധി പേരാണ് മരിച്ചത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശകത്മായ മഴയും മണ്ണിടിച്ചിലും ശക്തമായി തുടരുന്നുണ്ട്. ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം ഉണ്ടായി.