സര്‍ക്കാരിനെതിരെ വീണ്ടും കിറ്റെക്‌സ് എംഡി; വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹാസം Kitex MD

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹസിച്ച സാബു എം ജേക്കബ് തെലങ്കാനയില്‍ കിറ്റെക്‌സിന് രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും പറഞ്ഞു.
‘കേരളത്തില്‍ 30 ദിവസത്തിനുള്ളില്‍ നടത്തിയത് 11 റെയ്ഡുകളാണ്. തെലങ്കാനയില്‍ അത്തരത്തില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഒരു പരിശോധന നടന്നാല്‍ തന്നെ മുന്‍കൂട്ടി അറിയിക്കും. എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ തന്നെ അത് പരിഹരിക്കാനുള്ള നടപടികളാകും സ്വീകരിക്കുക എന്നും ഉറപ്പുതന്നിട്ടുണ്ട്’. സാബു ജേക്കബ് പറഞ്ഞു.

‘സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് നടപ്പിലാക്കിയെന്ന് കേരളം കൊട്ടിഘോഷിക്കുകയാണ്. പക്ഷേ പല സംസ്ഥാനങ്ങളും 20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ പദ്ധതികളൊക്കെ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നേ ഉള്ളൂ. വ്യവസായം നടത്താന്‍ ആവശ്യമായ സ്ഥലം, വെളളം, വൈദ്യുതി അടക്കം സംവിധാനങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടു
ണ്ട്.
കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയാണ്. മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ ഒരു വ്യവസായം തുടങ്ങാന്‍ എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്ന് ഇവിടുത്തെ സര്‍ക്കാരിന് ഒരു ധാരണയുമില്ല.
വ്യവസായിയുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം നല്‍കുന്നയാളാണ് തെലങ്കാന വ്യവസായ മന്ത്രി. 53 വര്‍ഷമായി കേരളത്തില്‍ വ്യവസായം നടത്താനെടുത്ത പ്രയത്‌നം മറ്റ് സംസ്ഥാനങ്ങളില്‍ ആയിരുന്നെങ്കില്‍ ഇതിലും ലാഭം ഉണ്ടാകുമായിരുന്നു എന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു.
Tags