കോയമ്പത്തൂരിൽ ഹൈന്ദവ ക്ഷേത്രങ്ങൾ പൊളിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം നടത്തിയ ഇന്ദു മക്കൾ കച്ചി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
July 23, 2021
ചൈന്നൈ : കോയമ്പത്തൂരിൽ ഹൈന്ദവ ക്ഷേത്രങ്ങൾ പൊളിച്ചു മാറ്റിയതിനെതിരെ പ്രതിഷേധം നടത്തിയ ഇന്ദു മക്കൾ കച്ചി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ആക്ടിവിസ്റ്റ് കൂടിയായ അർജുൻ സമ്പത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുത്തനൻകുളത്തിന് സമീപമുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളാണ് കോയമ്പത്തൂർ കോർപ്പറേഷനും തമിഴ്‌നാട് സർക്കാരും ചേർന്ന് പൊളിച്ചു നീക്കിയത്.
കഴിഞ്ഞ ആഴ്ച മുത്തനൻകുളം ബണ്ടിന് സമീപമുളള ഏഴ് ക്ഷേത്രങ്ങളാണ് സംസ്ഥാന സർക്കാർ പൊളിച്ച് നീക്കിയത്. അമ്മൻകോവിൽ, ബന്നാരി അമ്മൻ കോവിൽ, അങ്കള പരമേശ്വരി, കറുപ്പയ്യൻ കോവിൽ, മുനീശ്വരൻ കോവിൽ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളാണ് സർക്കാർ ജെസിബി ഉപയോഗിച്ച് തകർത്തത്. ക്ഷേത്രങ്ങളിലുണ്ടായിരുന്ന ആറ് വിഗ്രഹങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയും ഒരു വിഗ്രഹം കോർപ്പറേഷൻ ഓഫീസിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം അറിയിച്ച രാഷ്‌ട്രീയ നേതാക്കളെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്..
അതിനിടെ അർജുൻ സമ്പത്തിനെ ഉടൻ വിട്ടുകിട്ടണമെന്നും പൊളിച്ചുകളഞ്ഞ ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ഇന്ദു മക്കൾ കച്ചി ആവശ്യപ്പെട്ടു. നൂറ് വർഷത്തോളം പഴക്കമുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെയാണ് ഡിഎംകെ സർക്കാർ പൊളിച്ച് നീക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Tags