മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങി : മുഖ്യമന്ത്രി

രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താൽ മറ്റ് രോഗങ്ങളേക്കാൾ രോഗവ്യാപനം കൂടുതലുള്ള മഹാമാരിയാണ് കൊവിഡെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്‌സിൻ നൽകേണ്ടതുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല ചെയ്യുന്നത്. കൊവിഡ് നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നത്. വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡെൽറ്റാ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതുകൊണ്ട് ചെറുതും വലുതുമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗം കുട്ടികളിൽ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കൊവിഡാനന്തര സാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് അവരുടെ ചികിത്സയ്ക്കാവശ്യമായ തീവ്ര പരിചരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സി-യിൽ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തിൽ ബാക്കിവരുന്ന 50 ശതമാനം പേരും, സിയിൽ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇവർക്ക് അതിനുള്ള ചുമതല നൽകാൻ ജില്ലാ കളക്ടർമാർ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാറ്റഗറി ഡി-യിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനവും നടപ്പിലാക്കും.
Tags