സ്വർണം കടത്താൻ സഹായം നൽകി; കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കി
July 23, 2021
കണ്ണൂർ : വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് കൂട്ടു നിന്ന ഉദ്യോദഗസ്ഥരെ പുറത്താക്കി. മൂന്ന് ഇൻസ്‌പെക്ടർമാരെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ സർവ്വീസിൽ നിന്നും പുറത്താക്കിയത്. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവരാണ് സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർ.
2019 ലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് നടപടി. ആഗസ്റ്റ് 18 ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.5 കിലോ സ്വർണം മൂന്ന് കാരിയർമാരിൽ നിന്നുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിൻസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി വ്യക്തമായത്.
അന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്‌പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്റെ നിർദ്ദേശ പ്രകാരമാണ് മൂന്ന് ഉദ്യോഗസ്ഥരും സ്വർണക്കടത്തിന് സഹായം നൽകിയത്. ഇങ്ങിനെ 11 കിലോ സ്വർണം വിമാനത്താവളം വഴി ഇവരുടെ സഹായത്തോടെ കടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിആർഐ അറസ്റ്റ് ചെയ്ത രാഹുൽ പണ്ഡിറ്റിനെ നേരത്തെ തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
Tags