രമേശ് ചെന്നിത്തല എഐസിസി തലപ്പത്തേക്കെന്ന് സൂചന

കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷപദവില്‍ സോണിയ ഗാന്ധി ആറ് മാസം കൂടി തുടരും. നിലവിലുള്ള സാഹചര്യത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താനാകാത്തതിനാലാണ് തീരുമാനം. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ കൂടി നിയമിച്ച് സംഘടനയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാകപ്പെടുത്താനാണ് തീരുമാനം. ഉന്നതപദവിയില്‍ രമേശ് ചെന്നിത്തലയും നിയമിക്കപ്പെടും. അധ്യക്ഷ തെരഞ്ഞെടുപ്പ്, പുതിയ അധ്യക്ഷന്‍ ഇവയെല്ലാമായിരുന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുള്ള കോണ്‍ഗ്രസ് ലക്ഷ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമായ എറ്റവും മികച്ച നിര്‍ദേശമായി സോണിയാ ഗാന്ധി തന്നെ 6 മാസം കൂടി താത്കാലിക അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നതാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യം. ഇത് നടപ്പാക്കുന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നടപടികള്‍ ഉണ്ടാകും. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയോ വൈസ് പ്രസിഡന്റുമാരെയോ ആകും കോണ്‍ഗ്രസ് അധ്യക്ഷ നിയമിക്കുക. ഗുലാം നബി ആസാദ്, കമല്‍നാഥ്, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ് എന്നി പേരുകളാണ് ഇതിനായി പരിഗണിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ചാകും വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുക. രമേശ് ചെന്നിത്തലയെ കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. നേരത്തെ തന്നെ രമേശ് ചെന്നിത്തലയെ കേന്ദ്ര നേതൃത്വത്തിലേക്ക് എടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. സംസ്ഥാന പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാത്തതില്‍ അസംതൃപ്തനായിരുന്നു ചെന്നിത്തല. വി ഡി സതീശനെ തെരഞ്ഞെടുത്തപ്പോള്‍ അഭിപ്രായം ആരാഞ്ഞതിലും ചെന്നിത്തല എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
Tags