24 മണിക്കൂറിനിടെ രാജ്യത്ത് 45,892 കോവിഡ് രോഗികള്‍; 817 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ 784 രോഗികളുടെ വര്‍ദ്ധന രേഖപ്പെടുത്തി. 817 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തുടനീളം 3,07,09,557 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,98,43,825 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 44,291 പേര്‍ രോഗമുക്തി നേടി.


വിവിധ സംസ്ഥാനങ്ങളിലായി 4,60,704 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 4,05,028 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 36,48,47,549 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. 

കഴിഞ്ഞ മെയ് 14 മുതല്‍ തുടര്‍ച്ചയായ 55 ദിവസങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയായിരുന്നു. മെയ് 14 ന് 37 ലക്ഷം (37,04,893) രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞ് ബുധനാഴ്ച നാലര ലക്ഷത്തിനടുത്ത് (4,59,920) എത്തിയിരുന്നു. എന്നാല്‍ ഇന്ന് അതില്‍ ചെറിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 


സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുള്‍പ്പെടെ 36 പ്രദേശങ്ങളില്‍ 12 എണ്ണത്തില്‍ മാത്രമാണ് ചികിത്സയിലുള്ള രോഗികളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇതില്‍ കൂടുതല്‍ പ്രദേശമുള്ളത് കേരളത്തിലാണ്‌. പുതിയ രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്, 15,600 രോഗികള്‍. 9558 രോഗികളുമായി മഹാരാഷ്ട്ര തൊട്ടു പിന്നിലുണ്ട്. തമിഴ്നാട് (3367), ആന്ധ്രാപ്രദേശ് (3166), കര്‍ണ്ണാടകം (2743) എന്നീ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികളുള്ളത്.

ഒഡീഷയില്‍ 2602 ഉം അസമില്‍ 2289 ഉം പുതിയ രോഗികളുണ്ട്. രാജ്യത്ത് പുതിയ കേസുകളില്‍ സിംഹഭാഗവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 93 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 


പ്രതിദിന മരണസംഖ്യ ആയിരത്തില്‍ താഴെ (817) ആയി തുടരുകയാണ്. മഹാരാഷ്ട്രയാണ് പ്രതിദിന മരണസംഖ്യയില്‍ മുന്നില്‍, 326 മരണങ്ങള്‍. 148 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയില്‍ 75ഉം തമിഴ്നാട്ടില്‍ 64 ഉം ഒഡീഷയില്‍ 54 ഉം അസമില്‍ 26 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


Tags