പാർട്ടിക്കുള്ളിലെ തമ്മിൽ തല്ല് മടുത്തു; അസമിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു; ബിജെപിയിൽ ചേരുമെന്ന് സൂചന

ഗുവാഹട്ടി : അസമിലെ തെരഞ്ഞെടുപ്പ് തോൽവിയ്‌ക്ക് പിന്നാലെ തുടർച്ചയായി തിരിച്ചടി നേരിട്ട് കോൺഗ്രസ്. ഒരു എംഎൽഎ കൂടി പാർട്ടിയിൽ നിന്നും രാജിവെച്ചു. തുടർച്ചയായി രണ്ട് തവണ എംഎൽഎയായ സുശാന്ത് ബോർഗോഹെയിൻ ആണ് പാർട്ടിവിട്ടത്. രാജിക്കത്ത് സുശാന്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് കൈമാറി. പാർട്ടിയ്‌ക്കകത്തെ രാഷ്‌ട്രീയമാണ് രാജിയ്‌ക്ക് കാരണമെന്നാണ് രാജിക്കത്തിൽ പറയുന്നത്. ആഭ്യന്തര രാഷ്‌ട്രീയം തന്നെ രാജിയിലേക്ക് നയിച്ചു. തീരുമാനം തീർത്തും വേദനാജനകമാണ്. തന്റെ ഈ തീരുമാനം പാർട്ടിയെ തെറ്റ് തിരുത്താൻ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സുശാന്തിന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. അപ്പർ അസമിലെ തോവ്രയിൽ നിന്നുള്ള എംഎൽഎയാണ് സുശാന്ത്. ഹിമന്ത സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കോൺഗ്രസ് വിടുന്ന രണ്ടാമത്തെ എംഎൽഎയാണ് സുശാന്ത്. പാർട്ടിയുമായുള്ള വിയോജിപ്പിനെ തുടർന്ന് കഴിഞ്ഞ മാസം കോൺഗ്രസ് എംഎൽഎയായ രൂപ്‌ജ്യോതി കുർമി രാജിവെച്ചിരുന്നു. കുർമി ഇപ്പോൾ ബിജെപി നേതാവാണ്. സുശാന്തും ബിജെപിയിൽ ചേരുമെന്നാണ് സൂചന.
Tags