കോവിഡിന് പിന്നാലെ കിരണിനെ മാനസിക രോഗിയാക്കാനായുള്ള ശ്രമം?: മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി പൊലീസ്

ശാസ്താംകോട്ട: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ വിസ്മയ എന്ന പെൺകുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കിരണിനു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്ന് പോലീസ് പരിശോധിക്കും. കിരൺ വീഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും കേസിൽ അന്വേഷണസംഘം തേടും. കോവിഡ് ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ നെഗറ്റീവാകുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കിരൺകുമാറിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

ഭർത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു സംഭവം പുറത്തുവന്നതിനുശേഷം ഉയർന്ന പ്രധാന ആരോപണം. ഇത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളിൽ ചിലത് കിരണിനെ പ്രതിക്കൂട്ടിൽ ആക്കുന്നതുമായിരുന്നു. ഈ സമയം കിരൺ വീട്ടിൽ നിന്നും മുങ്ങുകയും ചെയ്തിരുന്നു. ഇതോടെ ഇയാളുടെ ക്രൂരതകൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ശക്തമായ ജനരോഷം ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കിരണിനു കോവിഡ് 19 സ്ഥിരീകരിച്ചത്. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.
Tags