ശ്രീനഗർ : സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കി ജമ്മു കശ്മീർ ഭരണകൂടം. ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 11 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
അന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗർ, കുപ്വാര, പുൽവാമ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾക്ക് സഹായം നൽകുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. അനന്ത് നാഗിൽ നാല് പേരെയും, ബുദ്ഗാമിൽ മൂന്ന് പേരെയും, മറ്റിടങ്ങളിൽ നിന്നും ഓരോരുത്തരെയും വീതമാണ് പുറത്താക്കിയത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 311ന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്താക്കിയവരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സലാഹുദ്ദീന്റെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കർ ഇ ത്വയ്ബ, ജമാഅത്ത് ഇസ്ലാമി, ദുഖ്തരൻ ഇ മിലാത് എന്നീ സംഘടനകളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.