ദില്ലി: രാജ്യത്ത് കൊവിഡ് വൈറസിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് അനുമതി തേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും നൽകാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സീനായ കൊവാക്സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സീൻ വികസിപ്പിച്ചത്.
അതിനിടെ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പരമാവധിപ്പേർക്ക് വാക്സീനേഷൻ നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. വാക്സീനേഷൻ ത്വരിതപ്പെടുത്തണമെന്നും, വാക്സീൻ വിമുഖത മാറ്റാൻ പ്രചാരണം ശക്തമായി നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനും കേന്ദ്ര മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.
അതേ സമയം വാക്സീൻ അംഗീകാരവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനെ ഇന്ത്യ നിലപാടറിയിച്ചു. ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സീനുകളായ കൊവിഷീൽഡും കൊവാക്സീനും അംഗീകരിച്ചില്ലെങ്കിൽ യൂറോപ്പിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ നിർദ്ദേശിക്കുമെന്നാണ് രാജ്യത്തിന്റെ മുന്നറിയിപ്പ്.