ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിക്കണം; യൂറോപ്യൻ യൂണിയനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ vaccine

ദില്ലി: ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ഇന്ത്യ. കൊവാക്‌സിനും, കോ വിഷീൽഡും അംഗീകരിക്കണമെന്നാണ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് നയത്തിൽ കൊവിഷീൽഡും കൊവാക്‌സിനും ഉൾപ്പെട്ടിരുന്നില്ല. ഇത് ഈ വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.

അതേസമയം ഇന്ത്യൻ വാക്‌സിനുകളായ കൊവാക്സിനും, കോവിഷീൽഡും അംഗീകരിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരസ്പര സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും, ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Tags