ദില്ലി: മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് നല്‍കിയ കത്തില്‍ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്.
വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വി. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ ഇത്തരം മരംമുറി സംഭവങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമായി കേന്ദ്രം അന്വേഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.