പശ്ചിമബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം : പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരി

ന്യൂഡൽഹി : പശ്ചിമബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവും , എം‌എൽ‌എയുമായ​ സുവേന്ദു അധികാരി. നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്​.

ബംഗാൾ ഒരു പ്രത്യേക രാജ്യമല്ല, അത് ഇന്ത്യയ്ക്കുള്ളിലെ ഒരു സംസ്ഥാനമാണ്. തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം പശ്ചിമ ബംഗാൾ മറ്റൊരു രാജ്യമാണെന്ന് ചിലർ കരുതുന്നു . രാജസ്ഥാനിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടും സി‌എ‌എയെ സ്വാഗതം ചെയ്തിരുന്നു ‘ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുവേന്ദു അധികാരി പറഞ്ഞു.

പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തെക്കുറിച്ചും സുവേന്ദു അധികാരി പ്രധാനമന്ത്രിയെ അറിയിച്ചു. ഇരുവരും തമിലുള്ള കൂടിക്കാഴ്ച്ച 40 മിനിറ്റോളം നീണ്ടു . നിലവിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിന് ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട് . തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ സംസ്ഥാനത്ത്​ സി.എ.എ നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷായും പറഞ്ഞിരുന്നു.