ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറ് ശതമാനത്തിൽ താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുമ്പുള്ളതിന് സമാനമായ രീതിയില്‍ ക്രമീകരിക്കാമെന്ന് ബോര്‍ഡ് നിര്‍ദേശം നല്‍കി. പൂജാ സമയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ പാടില്ല. ദർശനത്തിനായി ഒരേ സമയം 15 പേരിൽകൂടുതൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. ദർശനത്തിനെത്തുന്നവർ മാസ്ക് ധരിച്ചിട്ടുണ്ടെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. അന്നദാനം അനുവദിക്കരുതെന്നും നിർദേശമുണ്ട്.
ശ്രീകോവിലിൽ നിന്ന് നേരിട്ട് ഭക്തർക്ക് പ്രസാദങ്ങളും വഴിപാടും വിതരണം ചെയ്യാൻ പാടില്ല. വഴിപാട് പ്രസാദങ്ങള്‍ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് നിർദേശം നൽകി.
ബലിതര്‍പ്പണ ചടങ്ങുകള്‍ സാമൂഹിക അകലം പാലിച്ച് നടത്താം. സപ്താഹം, നവാഹം എന്നിവയ്ക്ക് അനുമതിയില്ല.