നൂറാം വാർഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി (സിപിസി) ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ദീർഘ സൗഹൃദമാണുള്ളത്. 1920കളിലാണ് കമ്യണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും സ്ഥാപിതമായത്. പിന്നിട്ട ദശകങ്ങളിൽ വളർച്ചകളിലും തളർച്ചകളിലും കമ്യൂണിസ്റ്റ് സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഇരുപാർട്ടികൾക്കും സാധിച്ചു.
മാർക്സിസം – ലെനിനിസം ക്രിയാത്മകശാസ്ത്രമാണെന്നു സിപിഎം അടിവരയിടുന്നു. ഏതാനും ഫോർമുലകളിലേക്ക് അതിനെ ചുരുക്കാനാവില്ല. വിമോചനലക്ഷ്യങ്ങളും വിപ്ലവതത്വങ്ങളും കണിശമായി പാലിക്കുമ്പോഴും ഓരോ രാജ്യത്തും ഓരോ കാലത്തും രൂപപ്പെടുന്ന മൂർത്ത സാഹചര്യങ്ങൾക്കനുസൃതമായ പ്രവർത്തനമാണു പാർട്ടി വളർത്തിയെടുക്കേണ്ടത്. ഇപ്രകാരം ചൈനയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായരീതിയിൽ മാർക്സിസം– ലെനിനിസം പ്രയോഗിച്ചതിന്റെ സാക്ഷ്യമാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നൂറ്റാണ്ട്. റഷ്യൻ വിപ്ലവത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു ചൈനയുടെ ദേശീയ വിമോചനസമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) എന്ന സോഷ്യലിസ്റ്റ് ചൈനയുടെ പിറവിക്കു കാരണമായി.
ഇരുപതാം നൂറ്റാണ്ടിന്റെ ഗതി മാറ്റിമറിച്ച ആദ്യ ചരിത്രസംഭവം 1917ലെ ഒക്ടോബർ വിപ്ലവമാണ്. രണ്ടാമത്തേത് 1945ൽ നടന്ന ഹിറ്റ്ലറുടെ പതനം. മൂന്നാമത്തെ ചരിത്രസംഭവമായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1949ൽ സോഷ്യലിസ്റ്റ് ചൈനയുടെ ഉദയം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഈ കാലയളവിൽ ഒട്ടേറെ പരീക്ഷണങ്ങളെയും വീഴ്ചകളെയും അഭിമുഖീകരിച്ചു. പലപ്പോഴും തെറ്റുകൾ സംഭവിച്ചു. അപ്പോഴെല്ലാം തിരുത്തി. സാമൂഹിക സംഘർഷങ്ങൾക്കു വരെ ഇടയാക്കിയ ഒട്ടേറെ കടുത്തപോരാട്ടങ്ങളിലൂടെയും സിപിസി കടന്നുപോയി.
തെറ്റുകൾ തിരിച്ചറിയലും തിരുത്തലും തെറ്റു സംഭവിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കലും ജനകീയ വിമോചന പ്രസ്ഥാനത്തിന്റെ ഭാവിയുടെ അടിസ്ഥാനമാണെന്നു സിപിസിയുടെ അനുഭവങ്ങൾ തെളിയിക്കുന്നു. ആത്മവിമർശനാപരമായ വിലയിരുത്തലുകളും തിരുത്തലുകളും നവീകരണങ്ങളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണു 1978ൽ സിപിസി ധീരമായ പരിഷ്കരണ നടപടികളുടെ പാതയിലേക്കു പ്രവേശിച്ചത്.
1987ൽ സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ചൈന സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. പാർട്ടി പദവി ഒഴിഞ്ഞിരുന്നതിനാൽ വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ ഡെങ് സിയാവോ പിങ് എത്തിയില്ല. പക്ഷേ ഇഎംഎസിന് അദ്ദേഹം വിരുന്നു നൽകി. ഇഎംഎസുമായി അദ്ദേഹത്തിനു നല്ല അടുപ്പമുണ്ടായിരുന്നു. വലിയ പുകവലിക്കാരനായിരുന്നു ഡെങ്. ഒരു സിഗരറ്റ് കത്തിക്കുന്നതിനിടെ ഡെങ് ഇഎംഎസിനോടു പറഞ്ഞു: ഞാൻ ജീവിക്കുന്നിടത്തോളം കാലം താങ്കൾ ജീവിക്കുകയില്ല. ഉറക്കെ ചിരിച്ചുകൊണ്ടു ഡെങ് കൂട്ടിച്ചേർത്തു: താങ്കൾ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നില്ല, അതിനാൽ ഞാൻ ജീവിക്കുന്നത്ര താങ്കൾ ജീവിക്കാൻ പോകുന്നില്ല.
ചൈനയിൽ സംഭവിച്ചുകൊണ്ടിരുന്ന പരിഷ്കരണനടപടികൾ മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. ചൈനയുടെ ഒരു ഭൂപടം ഞങ്ങളുടെ മുന്നിലെ മേശയിൽ നിവർത്തിയശേഷം ഗോങ്ചോ മേഖലയിലേക്കു ( കാന്റൺ എന്നറിയപ്പെടുന്ന ദക്ഷിണചൈന മേഖല) കൈ ചൂണ്ടി അദ്ദേഹം പറഞ്ഞു: ചൈനയുടെ പരിവർത്തനം തെക്കുനിന്ന് ഈ ദശകത്തിൽ(1980കൾ) ആരംഭിക്കും. 1990കളിൽ കിഴക്ക് ആരംഭിക്കും. വടക്ക് 2000–2010 കാലത്ത്, മധ്യചൈനയിൽ 2010–20ലും പടിഞ്ഞാറ് 2030ലും. ഈ രീതിയിൽ 2050 ആകുമ്പോഴേക്കും ചൈന ഏറ്റവും സമൃദ്ധിയുള്ള സോഷ്യലിസ്റ്റ് രാജ്യമായി മാറും.
പിന്തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകുന്നത്, ഡെങ് ഞങ്ങൾക്കു മുന്നിൽ അന്ന് അവതരിപ്പിച്ച രൂപരേഖ അക്ഷരാർഥത്തിൽ ചൈന നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ്. ചൈനയുടെ സോഷ്യലിസത്തെ തകർക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഓരോ നീക്കത്തെയും പരാജയപ്പെടുത്താൻ സിപിസിക്ക് ഈ പരിഷ്കരണകാലത്തു കഴിഞ്ഞു. കോവിഡനന്തര കാലത്തും ചൈനയെ ഒറ്റപ്പെടുത്തി ആഗോള അധീശത്വം ശക്തമാക്കാനാണു യുഎസ് ശ്രമങ്ങൾ. ഈ വെല്ലുവിളികൾ നേരിടാൻ സിപിസിക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നു.
മുതലാളിത്തം മനുഷ്യത്വരഹിതമാണ്. അതിനാൽ അതിനു ചൂഷണം ഒഴിവാക്കാനാവില്ല. ഈ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വീക്ഷണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ആഗോളസ്ഥിതി. ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളിൽനിന്നു കരകയറാൻ ഈ നൂറ്റാണ്ടിലെ 2 ദശകങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടുമില്ല. വിശേഷിച്ചും, 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം.
ലോകമാകെ മാന്ദ്യത്തിലേക്കു മുങ്ങിത്താണുകൊണ്ടിരിക്കെയാണു കോവിഡ് മഹാമാരി വന്നത്. അതു ദുർബലമായ ആഗോള സമ്പദ്ഘടനയെ കൂടുതൽ തകർച്ചയിലേക്കു കൊണ്ടുപോയി. അതേസമയം, കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ചൈന വലിയ വിജയമാണു നേടിയത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും വീണ്ടും വളർച്ചയുടെ പാതയിലേക്കു നയിക്കാനും സിപിസിക്കു സാധിച്ചു. മുതലാളിത്ത വ്യവസ്ഥയ്ക്കുമേൽ സോഷ്യലിസം നേടിയ ഈ ആധിപത്യം ലോകത്തിനു പാഠമാണ്.
ദശകങ്ങൾനീണ്ട പരിഷ്കരണ നടപടികളിലൂടെ 2020 ആയപ്പോഴേക്കും ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കാൻ ചൈനയ്ക്കു കഴിഞ്ഞു. തൊഴിലില്ലായ്മയും ഗണ്യമായി കുറഞ്ഞു. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യരക്ഷാ സംവിധാനങ്ങളും പടുത്തുയർത്താനും സാധിച്ചു. അസമത്വവും അഴിമതിയും തുടച്ചുനീക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള പരിശ്രമങ്ങൾ തുടരുന്ന ചൈന, 2049ന് അകം ഏറ്റവും വികസിതമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണു മുന്നേറുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ പീപ്പിൾസ് റിപ്പബ്ലിക് ചൈന സമാധാനപരമായ വിദേശനയം മുന്നോട്ടുവയ്ക്കുമെന്നും പുരോഗമനവാദികൾ പ്രതീക്ഷിക്കുന്നു. നല്ല അയൽപക്ക ബന്ധങ്ങൾക്കൊപ്പം ദക്ഷിണേഷ്യയിലും ലോകത്തും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനും ഇതാവശ്യമാണ്.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന
• 1921 ജൂലൈ 23ന് ഷാങ്ഹായിൽ സ്ഥാപിതമായി
• 1949– ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി
• ഒക്ടോബർ 1,1949 – മാവോ സെദുങ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിച്ചു
• 1949 മുതൽ 1976 വരെ മാവോ സെദുങ് സിസിപി ചെയർമാൻ
• 1978– ഡെങ് സിയാവോ പിങ് ചൈനയുടെ പരമോന്നത നേതാവ്.
• 1992– ജിയാങ് സെമിൻ പാർട്ടി ജനറൽ സെക്രട്ടറി. 1993 മുതൽ പ്രസിഡന്റ്.
• 2002– ഹു ജിന്റാവോ പാർട്ടി ജനറൽ സെക്രട്ടറി, 2003ൽ പ്രസിഡന്റ്
• 2012– ഷി ജിൻപിങ് പാർട്ടി ജനറൽ സെക്രട്ടറി, 2013 മുതൽ പ്രസിഡന്റ്