ന്യൂഡൽഹി: ഡോക്ടേഴ്‌സ് ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡോക്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സംസാരിക്കുക
കൊറോണ മഹാമാരി നേരിടാൻ രാജ്യത്തിനൊപ്പം നിന്ന ഡോക്ടർമാരുടെ പ്രയത്‌നത്തിൽ അഭിമാനിക്കുന്നുവെന്ന് ദിനാചരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഡോക്ടർമാരെ ബഹുമാനിക്കുന്നുവെന്നും അവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ശ്രദ്ധ പുലർത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
ഡോ.ബി.സി റോയിയെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും ജൂലൈ ഒന്നിന് രാജ്യം ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മൻ കി ബാത്തിലും പ്രധാനമന്ത്രി ഡോ. റോയിയെ അനുസ്മരിച്ചിരുന്നു.
1991 ലാണ് ദിനാചരണം ആരംഭിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്ഥാപിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിയിൽ ഡോക്ടർമാരുടെ പങ്ക് അംഗീകരിക്കുന്നതിനാണ് ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്.