ദില്ലി: കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായിനിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ നിർണായക വിധിയുടെ പശ്ചാത്തലത്തിൽ കൊവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പൊളിച്ചെഴുതേണ്ടിവരും. സുപ്രീംകോടതി വിധി അനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതിനെ കുറിച്ച് കേന്ദ്രം നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം വിധി നടപ്പാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.
കൊവിഡ് ഭേദമായ ശേഷം കൊവിഡ് അനുബന്ധ രോഗങ്ങൾ കാരണം വീട്ടിൽ വെച്ചോ, ആശുപത്രിയിലോ, ആശുപത്രിക്ക് പുറത്തോ മരണപ്പെട്ടാലും അത് കൊവിഡ് മരണം തന്നയാണെന്ന് സുപ്രീംകോടതി വിധിയുടെ 61, 62 പേജുകളിൽ പറയുന്നു. കൊവിഡ് അനുബന്ധ രോഗങ്ങൾ മൂലം മൂന്ന് മാസത്തിനുള്ളിൽ മരിച്ചാലും കൊവിഡ് മരണമായി രേഖപ്പെടുത്തണം. രേഖകളുമായി ബന്ധുക്കൾ സമീപിച്ചാൽ മരണസര്‍ട്ടിഫിക്കറ്റുകൾ കൊവിഡ് മരണം രേഖപ്പെടുത്തി നൽകണമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്.
നിലവിലെ മാനദണ്ഡം അനുസരിച്ച് കൊവിഡ് പോസിറ്റീവായ ഒരാൾ മരിച്ചാൽ അത് കൊവിഡ് മരണമായി രേഖപ്പെടുത്തും. നെഗറ്റീവായ ശേഷമാണ് മരണമെങ്കിൽ അത് കൊവിഡ് മരണമെന്ന് രേഖപ്പെടുത്തണമെന്നില്ല. ലോകാരോഗ്യ സംഘടനയുടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടായിട്ടുപോലും പല സംസ്ഥാനങ്ങളും അത് പാലിക്കുന്നില്ല. മരണകണക്കുകൾ കുറച്ചുകാണിക്കാനുള്ള സര്‍ക്കാരുകളുടെ താലപര്യം കൂടി ഇതിന് പിന്നിലുണ്ട്. അതെല്ലാം പൊളിച്ചെഴുന്നതാണ് സുപ്രീംകോടതി വിധി.
സര്‍ക്കാര്‍ കണക്കുപ്രകാരം കൊവിഡ് മരണം ഇതുവരെ 3,99,000ത്തിന് മുകളിലാണ്. ഇവരുടെ കുടുംബങ്ങൾക്ക് സഹായം ധനം നൽകാനായി വലിയൊരു തുക നീക്കിവെക്കേണ്ടിവരും എന്നതാണ് കേന്ദ്രത്തിന് മുന്നിലെ വെല്ലുവിളി. അതേസമയം ബീഹാറിൽ കൊവിഡ് മരണങ്ങൾക്ക് 4 ലക്ഷം രൂപയും, കര്‍ണാടകം ഒരു ലക്ഷം രൂപയും ദില്ലി 50,000 സഹായധനം നൽകുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് നൽകാമെങ്കിൽ എന്തുകൊണ്ട് കേന്ദ്രത്തിന് നൽകാനാകുന്നില്ല എന്നുകൂടിയാണ് സുപ്രീംകോടതി ചോദിച്ചത്. വിധി നടപ്പാക്കുമെങ്കിൽ ചില നിര്‍ദ്ദേശങ്ങളിൽ ഭേദഗതി വേണമെന്ന അഭിപ്രായസം സര്‍ക്കാരിനുണ്ട്. അക്കാര്യത്തിൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടര്‍ നടപടികൾ ആലോചിക്കാനാണ് കേന്ദ്ര നീക്കം.