ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കാണെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉചിതമായ സമയത്ത് പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോൾ സാഹചര്യമായിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം, തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയ ചർച്ചയ്ക്കാണു യോഗം വിളിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന വിഷയം യോഗത്തിൽ ചർച്ച ചെയ്യാമെങ്കിലും മറ്റ് നടപടികൾക്ക് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഭരണഘടനയുടെ 370–ാം വകുപ്പുപ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.