മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാടി സഖ്യത്തിലെ വിള്ളല്‍ മറകള്‍ നീക്കി പുറത്ത്. ശിവസേനയും എന്‍സിപിയുമായി തങ്ങള്‍ ഉണ്ടാക്കിയ സഖ്യം താല്‍ക്കാലികം മാത്രമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതികരണം.
മഹാ വികാസ് അഖാടി സ്ഥിരം സംവിധാനമല്ല. ബിജെപിയെ അധികാരത്തില്‍ നിന്നും തടയാന്‍ മാത്രംവേണ്ടിയാണ് സഖ്യം രൂപീകരിച്ചത്. സഖ്യത്തിലുള്ള പാര്‍ട്ടികള്‍ മുന്‍പും തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.
2019 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്‍ഡിഎയുടെ ബാനറില്‍ മത്സരിച്ച് ശിവസേന 56 സീറ്റുകള്‍ നേടി രണ്ടാ മത്തെ വലിയ കക്ഷിയായി മാറി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന മുന്നണിവിട്ട് കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.