സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന് സുപ്രിംകോടതി. അനിശ്ചിതത്വമല്ല, പ്രതീക്ഷയുടെ കിരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ നടപടിയെയും മൂല്യനിര്‍ണയരീതിയെയും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് പരാമര്‍ശങ്ങള്‍.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സിബിഎസ്ഇ ഹര്‍ജികള്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാനായി മാറ്റി. ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്പ്രൂവൈസെഷന് അവസരം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് ഏകീകൃത നയം വേണമെന്നും, മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് കണക്കാക്കരുതെന്നും ആവശ്യപ്പെട്ടു.
അതേസമയം, പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ചുക്കൊണ്ടാണ് നിര്‍ദേശം. നിലപാട് അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ തന്നെ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.