അന്തരാഷ്ട്ര യോഗദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. മാസ്‌കോടുകൂടി പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗദിനത്തില്‍ സ്വയം പ്രകാശിക്കാമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയയേയും നാം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് ശാരീരിക ക്ഷമത. ഇത് നിലനിര്‍ത്തുന്നതില്‍ യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യോഗ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാരോഗ്യത്തെയും സ്വാധീനിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ആരോഗ്യകരമായ വ്യായാമമാണിത്.
യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 21 ന് യോഗ ദിനം ആഘോഷിക്കുന്നത്. 2014 ഡിസംബറിലാണ് 'ജൂണ്‍ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും.
നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍.