ബിജെപിക്കെതിരേ പ്രതിപക്ഷസഖ്യം; നേതാക്കളുടെ യോഗം വിളിച്ച് ശരത് പവാർ; കരുക്കൾ നീക്കി പ്രശാന്ത് കിഷോറും India

ന്യൂഡല്‍ഹി: ബിജെപിക്കും എന്‍ഡിഎയ്ക്കുമെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കാന്‍ എന്‍സിപി. ഇതിന്റെ ഭാഗമായി എന്‍സിപി നേതാവ് ശരത് പവാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച (നാളെ) വൈകിട്ട് നാല് മണിക്കാണ് യോഗം. രാഷ്ട്രീയ തന്ത്രജ്ഞനും ഉപദേശകനുമായ പ്രശാന്ത് കിഷോറാണ് സഖ്യത്തിന്റെ കരുക്കള്‍ നീക്കുന്നത്


പ്രശാന്ത് കിഷോറുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസങ്ങള്‍ക്കുളളില്‍ ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോറും ശരത് പവാറും ചര്‍ച്ച നടത്തുന്നത്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ പ്രശാന്ത് കിഷോര്‍ ബിജെപിയുമായി പ്രത്യക്ഷ വെല്ലുവിളിയും നടത്തിയിരുന്നു. ബിജെപി 100 ലധികം സീറ്റുകള്‍ നേടിയാല്‍ രാഷ്ട്രീയ തന്ത്രജ്ഞനെന്ന കുപ്പായം അഴിച്ചുവെയ്ക്കുമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി. 100 സീറ്റുകള്‍ നേടിയില്ലെങ്കിലും ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ നിന്ന് 77 സീറ്റുകള്‍ നേടി മിന്നുന്ന വിജയം ബിജെപിയും എന്‍ഡിഎയും നേടിയിരുന്നു.

കഴിഞ്ഞ ജൂണ്‍ 11 ന് മുംബൈയില്‍ ശരത് പവാറിന്റെ വസതിയില്‍ അദ്ദേഹവുമായി പ്രശാന്ത് കിഷോര്‍ മൂന്ന് മണിക്കൂറാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നത്തെ കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വേണ്ടിയും ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.

എന്‍സിപിയുടെ ദേശീയ നിര്‍വ്വാഹക സമിതിയോഗവും ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഇതില്‍ ചര്‍ച്ചയായേക്കുമെന്നും പവാര്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍സിപി നേതാവ് നവാബ് മാലിക് വ്യക്തമാക്കി.

ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേന എംപി സഞ്ജയ് റൗത്തും ശരദ് പവാറുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യമാണ് ഭരണത്തിലുളളത്. എന്നാല്‍ ഈ സഖ്യത്തിനുളളില്‍ തന്നെ വിളളലുകള്‍ രൂപപ്പെടുന്നതിനിടെയാണ് ദേശീയതലത്തില്‍ വിപുലമായ സഖ്യ രൂപീകരണത്തിന് എന്‍സിപി മുന്‍കൈയ്യെടുക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എന്‍സിപിയുടെയും ശരത് പവാറിന്റെയും നീക്കം.

പതിനഞ്ചോളം എന്‍ഡിഎ ഇതര രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാവരും പങ്കെടുക്കുമോയെന്ന് വ്യക്തമായിട്ടില്ല.
Tags