കവരത്തി : ബയോവെപ്പൺ പരാമർശത്തിൽ സംവിധായിക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. രാവിലെ 10.30 ന് കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. പരാമർശവുമായി ബന്ധപ്പെട്ട് ഇന്നലെയും ഐഷയെ ചോദ്യം ചെയ്തിരുന്നു.
തുടർച്ചയായി മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ കൊറോണയെ ബയോവെപ്പണായി ഉപയോഗിച്ചുവെന്ന പരാമർശം നടത്തിയത് എന്നായിരുന്നു പോലീസ് പ്രധാനമായി ചോദിച്ചറിഞ്ഞത്. നാക്കു പിഴവാണെന്നായിരുന്നു ഐഷയുടെ മറുപടി. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് ദിവസം ദ്വീപിൽ തന്നെ തുടരാൻ നിർദ്ദേശിച്ചാണ് പോലീസ് ഐഷയെ വിട്ടയച്ചത്.
ഐഷയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഐഷ കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് ആലോചിക്കുന്നത്.
ലക്ഷദ്വീപിലെ ബിജെപി ഘടകം നൽകിയ പരാതിയിലാണ് ഐഷയ്‌ക്കെതിരായ പോലീസ് നടപടി. ഐഷയ്‌ക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഐഷയുടെ ബയോവെപ്പൺ പരാമർശം.