വെൽ ഡൺ ഇന്ത്യ; പ്രതിദിന വാക്‌സിൻ കുത്തിവെയ്പ്പിലെ റെക്കോർഡിൽ പ്രശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രതിദിന വാക്‌സിൻ കുത്തിവെയ്പ്പിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്‌ക്കെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം പ്രതിരോധ വാക്‌സിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാജ്യം നേടിയ വലിയ നേട്ടത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നത്


വാക്‌സിനേഷനിൽ ചൊവ്വാഴ്ച രാജ്യം സ്വന്തമാക്കിയ നേട്ടം ഏറെ സന്തോഷകരാണ്. കൊറോണ വൈറസിനെതിരായ നമ്മുടെ ശക്തമായ ആയുധം വാക്‌സിനാണ്. വാക്‌സിൻ സ്വീകരിച്ചവരെയും, എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കാൻ കഠിന പ്രയത്‌നം നടത്തുന്ന മുൻനിര പോരാളികളെയും അഭിനന്ദിക്കുന്നു. വെൽ ഡൺ ഇന്ത്യ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ച 75.44 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചതോടെയാണ് പ്രതിദിന കുത്തിവെപ്പിൽ രാജ്യം റെക്കോർഡ് നേട്ടം സ്വന്തമാക്കിയത. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളാണ് കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയിരിക്കുന്നത്. 18 നും 44 നും ഇടയിൽ പ്രായമുള്ളവരാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാക്‌സിൻ സ്വീകരിച്ചത്. കേന്ദ്രസർക്കാരിന്റെ പുതുക്കിയ വാക്‌സിൻ നയം പ്രാബല്യത്തിൽ വന്ന ആദ്യ ദിനമാണ് കുത്തിവെയ്പ്പിൽ നിർണായക നേട്ടം സ്വന്തമാക്കാൻ രാജ്യത്തിന് കഴിഞ്ഞത് എന്നത് ഏറെ ശ്രദ്ധേയമാണ്. കൊറോണ പ്രതിരോധ വാക്സിൻ (സംസ്ഥാനങ്ങളുടെ 25 ശതമാനമുൾപ്പെടെ) കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ് കേന്ദ്രത്തിന്റെ പുതുക്കിയ വാക്സിൻ നയം.
Tags